മുസാഫർപുർ: ബിഹാറിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ചികിത്സയിലിരുന്ന ഒരാൾകൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ ഏഴായി ഉയർന്നു.
മുസാഫർപുരിലെ ബ്രഹ്മപുരയിലുള്ള പ്രസാദ് ആശുപത്രിയിൽ ബുധനാഴ്ച അർധരാത്രിയാണ് തീപിടിത്തമുണ്ടായത്. 15 രോഗികൾ കഴിഞ്ഞിരുന്ന ഐസിയുവിലാണ് തീപടർന്നത്. ഐസിയു പുകകൊണ്ടു മൂടിയ നിലയിലായിരുന്നു.
ശ്വാസതടസത്തെത്തുടർന്നാണ് രോഗികൾ മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.